പി.എം. കിസാൻ പദ്ധതിയുമായി ബന്ധപ്പെട്ട ചില സുപ്രധാന അറിയിപ്പുകൾ.

  1. പി. എം. കിസാൻ പദ്ധതിയിൽ ആനുകൂല്യം മേടിക്കുന്ന മാരാരിക്കുളം വടക്ക് പഞ്ചായത്തിലെ ഗുണഭോക്താക്കളിൽ മൂന്നിലൊന്ന് പേർ മാത്രമാണ് നാളിതുവരെ ഇ.കെ.വൈ.സി. യും ലാൻഡ് വെരിഫിക്കേഷനും പൂർത്തിയാക്കിയിട്ടുള്ളത്. പി.എം. കിസാൻ ആനുകൂല്യം വാങ്ങുന്ന മുഴുവൻ കർഷകരും ഇ.കെ.വൈ.സി. ചെയ്യണമെന്ന നിർദേശമായിരുന്നു ആദ്യം നൽകിയിരുന്നത്. അത് ചെയ്ത് കൊണ്ടിരുന്ന ഘട്ടത്തിലാണ് ലാൻഡ് വെരിഫിക്കേഷൻ നടത്തണമെന്ന നിർദേശം വന്നത്. ഇ.കെ.വൈ.സി. മാത്രം ചെയ്ത നിരവധി പേർ ലാൻഡ് വെരിഫിക്കേഷനും നടത്തിയതായി തെറ്റിദ്ധരിച്ചിട്ടുണ്ടാകും. ഇ.കെ.വൈ.സിയും ലാൻഡ് വെരിഫിക്കേഷനും രണ്ട് കാര്യങ്ങളാണ്. ഏത് സമയവും ഇതിനുള്ള സമയപരിധി അവസാനിക്കുമെന്നതിനാൽ മേൽ പറഞ്ഞ രണ്ട് കാര്യങ്ങളും എത്രയും വേഗം തൊട്ടടുത്തുള്ള അക്ഷയ കേന്ദ്രങ്ങളിൽ പോയി ചെയ്യേണ്ടതാണ്. അല്ലാത്തവർക്ക് അടുത്ത ഗഡു ലഭിക്കുന്നതല്ല.
  2. പുതിയ അപേക്ഷ :-2019 ഫെബ്രുവരി ഒന്നിന് സ്വന്തം പേരിൽ ഭൂമിയുള്ളവർക്ക് മാത്രമേ ഈ പദ്ധതിയിൽ അപേക്ഷിക്കാൻ സാധിക്കുകയുള്ളൂ. ഈ കാലയളവിന് ശേഷം ഭൂമി സ്വന്തമാക്കിയവർക്ക് നിലവിലെ നിയമപ്രകാരം അപേക്ഷിക്കാൻ കഴിയില്ല. ഭാര്യയുടെ പേരിലുള്ള വസ്തു കാണിച്ച് ഭർത്താവിനോ ഭർത്താവിന്റെ പേരിലുള്ള വസ്തു കാണിച്ച് ഭാര്യക്കോ അപേക്ഷിക്കാൻ കഴിയില്ല. പുതുതായി അപേക്ഷ നൽകുവാൻ ആഗ്രഹിക്കുന്നവർ ആധാർ, പ്രമാണം, തനത് വർഷത്തെ കരമടച്ച രസീത്, ബാങ്ക് പാസ്ബുക്ക്, റേഷൻ കാർഡ് എന്നിവയുമായി അക്ഷയ കേന്ദ്രങ്ങളിൽ അപേക്ഷ ഓൺലൈനായി സമർപ്പിച്ചശേഷം ഈ രേഖകളും റേഷൻ കാർഡിൻ്റെ ഒറിജിനലുമായി കൃഷിഭവനിൽ എത്തേണ്ടതാണ്.
  3. മൂന്ന് ഗഡുക്കൾ ( 6000 രൂപ) ലഭിച്ചതിന് ശേഷം ദീർഘനാളായി തുടർന്നുള്ള ഗഡുക്കൾ ലഭിക്കാത്തവരും നാളിതുവരെ ആനുകൂല്യം ലഭിക്കാത്തവരും കൃഷിഭവനിൽ ആധാറും പാസ് ബുക്കുമായി എത്തേണ്ടതാണ്.
  4. പി.എം. കിസാൻ ആനുകൂല്യമായി പ്രതിവർഷം ലഭിക്കുന്ന 6000 രൂപ കൃഷി ആവശ്യത്തിനാണ് ഉപയോഗിക്കേണ്ടതെന്ന നിർദേശം ലഭിക്കാറുണ്ടെങ്കിലും ഗുണഭോക്താക്കളിൽ ഭൂരിഭാഗംപേരും അത് ഗൗരവമായി എടുത്തിട്ടില്ല. ആനുകൂല്യം കൈപ്പറ്റുന്നവരിൽ നിശ്ചിത ശതമാനം പേരുടെ ലിസ്റ്റ് അയച്ചുതരികയും ഇവരുടെ കൃഷിയടക്കമുള്ള കാര്യങ്ങളിൽ പരിശോധനകൾ നടത്തണമെന്ന് മുകളിൽ നിന്നും നിർദേശം നൽകാറുണ്ട്. യഥാർഥ ഗുണഭോക്താക്കൾ ആണോ എന്നറിയാൻ നടത്തുന്ന പരിശോധനകൾ ഇനി മുതൽ കർശനമാക്കുന്നതാണ്. ആയതിനാൽ ഗുണഭോക്താക്കൾക്ക് കൃഷി നിർബന്ധമാണ്. നന്നായി പരിപാലിക്കുന്ന ഒരു അടുക്കള തോട്ടമെങ്കിലും ഉണ്ടാകേണ്ടതാണ്.
  5. പി.എം കിസാൻ പദ്ധതിയുടെ ഗുണഭോക്താക്കൾ മരണപ്പെട്ടാൽ വിവരം ഉടൻ തന്നെ കൃഷിഭവനിൽ അറിയിക്കേണ്ടതാണ്.